Thursday, June 5, 2008

ബോണ്‍സായ്

നമ്മുടെ പ്രണയം ഒരു ബോണ്‍സായി ആയിരുന്നു.

ഒരു പരിധിയില്‍കൂടുതല്‍ വളരാനോ പടരാനോ

അതിനെ നാം അനുവദിച്ചിരുന്നില്ല.

പ്രകൃതിസഹജമായ ആഗ്രഹത്തോടെ അതു നീട്ടിയ

തളിരിലകളെയൊക്കെ നാം ശ്രദ്‌ധാപൂര്‍വ്വം നുള്ളിക്കളഞ്ഞു.

ഒരു പാഴ്‌മരം വളര്‍ന്നുപന്തലിച്ചാലുണ്ടാവുന്ന

ബുദ്ധിമുട്ടുകളെപ്പറ്റി നമുക്കു നല്ല ബോധ്യമുണ്ടായിരുന്നു.

വര്‍ഷാവര്‍ഷം ബോണ്‍സായിയുടെ വേരുകള്‍

വെട്ടിയൊതുക്കി നാം മുരടിപ്പ്‌ ഉറപ്പാക്കി.

അല്‍പ്പം അഹങ്കാരത്തോടെയും ഏറെ അഭിമാനത്തോടെയും

ആ കൗതുക വസ്‌തുവിനെ നമ്മുടെ

സുഹൃത്‌ സദസുകളില്‍ പ്രദര്‍ശിപ്പിച്ചു.

അപ്പോഴൊക്കെ, വളരാനുള്ള വീര്‍പ്പുമുട്ടലോടെ ബോണ്‍സായ്‌

ചെടിച്ചട്ടിയില്‍ നിന്നും നമ്മെ എത്തിനോക്കി...


എങ്കിലും പരസ്‌പരം പറയാതെ
നമ്മള്‍ ഗൂഢമായി ആശിച്ചിരുന്നു,
ഒരു ചെറു ബോണ്‍സായ്പ്പൂവ്‌ കാണുവാന്‍