Thursday, June 12, 2008

ചിറക്‌ കുഴയുമിടം

നദി വീണ്ടും വഴിമാറിയൊഴുകി
നേര്‍ത്ത നീര്‍ ചാലുകള്‍ മാത്രമായി.
ഇനി ഇലകൊഴിയും കാലം
എരിയും ഇനിയീ കാനനം
വിധുരമിനിയീ സായന്തനം.
ഇനിയേതേതു ചില്ലയില്‍
‍ഓര്‍മതന്‍ കൂടുകൊരുക്കും.
ആത്മസ്വരം മൂകവിഷാദം. നിഷാദം.
പരിധിയില്ലാതെ പിന്‍തുടരുന്നു
മോഹഭംഗം ശരം.
അജ്‌ഞാതം സ്‌ഥലരാശി സൂചകം
ശോകമൂകമീ വിഫലദേശാടനം.
വിഷാദസാഗരം മാനസം
ചിറകുകുഴയുമിടം ചക്രവാളം.

അങ്ങുകാണുന്നില്ലേ ആ ചുവപ്പ്‌
ചോരയാണത്‌.
എന്റെ നെഞ്ചില്‍നിന്നു വീണത്‌.

Thursday, June 5, 2008

ബോണ്‍സായ്

നമ്മുടെ പ്രണയം ഒരു ബോണ്‍സായി ആയിരുന്നു.

ഒരു പരിധിയില്‍കൂടുതല്‍ വളരാനോ പടരാനോ

അതിനെ നാം അനുവദിച്ചിരുന്നില്ല.

പ്രകൃതിസഹജമായ ആഗ്രഹത്തോടെ അതു നീട്ടിയ

തളിരിലകളെയൊക്കെ നാം ശ്രദ്‌ധാപൂര്‍വ്വം നുള്ളിക്കളഞ്ഞു.

ഒരു പാഴ്‌മരം വളര്‍ന്നുപന്തലിച്ചാലുണ്ടാവുന്ന

ബുദ്ധിമുട്ടുകളെപ്പറ്റി നമുക്കു നല്ല ബോധ്യമുണ്ടായിരുന്നു.

വര്‍ഷാവര്‍ഷം ബോണ്‍സായിയുടെ വേരുകള്‍

വെട്ടിയൊതുക്കി നാം മുരടിപ്പ്‌ ഉറപ്പാക്കി.

അല്‍പ്പം അഹങ്കാരത്തോടെയും ഏറെ അഭിമാനത്തോടെയും

ആ കൗതുക വസ്‌തുവിനെ നമ്മുടെ

സുഹൃത്‌ സദസുകളില്‍ പ്രദര്‍ശിപ്പിച്ചു.

അപ്പോഴൊക്കെ, വളരാനുള്ള വീര്‍പ്പുമുട്ടലോടെ ബോണ്‍സായ്‌

ചെടിച്ചട്ടിയില്‍ നിന്നും നമ്മെ എത്തിനോക്കി...


എങ്കിലും പരസ്‌പരം പറയാതെ
നമ്മള്‍ ഗൂഢമായി ആശിച്ചിരുന്നു,
ഒരു ചെറു ബോണ്‍സായ്പ്പൂവ്‌ കാണുവാന്‍

Thursday, May 22, 2008

ഏറ്റവും മനോഹരമായ കവിതയും ഒരു സത്യവും

ഞാന്‍ ആദ്യമെഴുതിയ കവിത

തുണി നനച്ചപ്പോള്‍ കീശയിലിരുന്ന്‌ കുതിര്‍ന്നുപോയി

കാല്‍പനികമായി പറഞ്ഞാല്‍

‍കവിത വന്നിടത്തേക്കുതന്നെ തിരിച്ചുപോയി

അലിഞ്ഞലിഞ്ഞ്‌ പടര്‍ന്ന്‌...

ആ നിമിഷം. ആ നിമിഷമായിരുന്നു സുഹൃത്തേ

ഏറ്റവും മനോഹരമായ കവിത.



പിന്നൊരിക്കല്‍ ഒരു പ്രണയകവിത എഴുതിയപ്പോള്‍

അതിലോരിറ്റു കണ്ണീര്‍ വീണു.

വര്‍ഷങ്ങള്‍ക്കു ശേഷം

പഴയ പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്ന്‌

ആ പഴയ കടലാസ്‌ കിട്ടിയപ്പോള്‍

‍കണ്ണീര്‍ വീണിടം മാത്രം പൊടിഞ്ഞുപോയിരുന്നു.

ശൂന്യതയുടെ ഒരു തുരുത്ത്‌.

ഇതു സത്യമാണ്‌, കടലാസില്‍ കണ്ണീര്‍ വീണവര്‍ സാക്ഷ്യം.

Wednesday, May 14, 2008

നൊസ്‌റ്റാള്‍ജിയ

ഓര്‍ക്കാപ്പുറത്ത്‌ വെള്ളത്തില്‍ തള്ളിയിടുന്ന
കുളക്കടവിലെ പച്ചപ്പ്‌
കൊതിപ്പിച്ചു വിളിച്ച്‌
ഉള്ളില്‍ ഒരുമുട്ടന്‍ പുഴുവിനെ വച്ചുതരുന്ന കിളിച്ചുണ്ടന്‍
‍കാറ്റുകുത്തിക്കളഞ്ഞ്‌ പെരുവഴിയില്‍ തള്ളിക്കുന്ന
ഹെര്‍ക്കുലീസ്‌
ക്ലൈമാക്‌സ്‌‌ കീറിമാറ്റിയ ഷെര്‍ലക്‌ ഹോംസ്‌
വെള്ളത്തില്‍ വീഴുന്ന സ്വപ്‌നംതന്നെ
വീണ്ടും വീണ്ടും കാണിക്കുന്ന തെക്കേമുറി
ഉച്ചിയില്‍ മച്ചിങ്ങയെറിഞ്ഞ്‌
ഉച്ചയുറക്കം കളയുന്ന
കൊന്നത്തെങ്ങ്‌
പാമ്പിഴയുന്ന ശബ്‌ദമുണ്ടാക്കി പേടിപ്പിക്കുന്ന
വഴിവക്കിലെ കൈതക്കാട്‌
എന്നും പതിനാറുവയസാണെന്ന്‌ കള്ളംപറയുന്ന
പൈപ്പിന്‍ ചുവട്‌...
എല്ലാരും കാത്തിരിക്കയാണത്രേ
കാത്തിരുന്നോ
ഞാന്‍ വരുന്നില്ല.